Pages

Saturday, 24 February 2018

Che
2017 January 27, 5 : 55 PM

വില്ലുകുറി, ആറാം മൈല്‍ പാലത്തിന് താഴെയുള്ള പോലീസ് സ്റ്റേഷന് സമീപത്തുള്ള പഴയ മാടിക്കടയ്ക്ക് മുന്നിലെ കോയിന്‍ ഫോണിലേക്ക്‌ ഒരു ഇന്‍കമിംഗ് കോള്‍.

റോഡരുകിലെ സായാഹ്ന ചന്തയിലെ, ആള്‍ക്കൂട്ടത്തില്‍ നിന്ന് കണ്ണ് മാറ്റി,  ഒരു പോലീസുകാരന്‍ ആ കട ലക്ഷ്യമാക്കി നടന്നു. റിസീവര്‍ എടുത്തെങ്കിലും അയാളുടെ കണ്ണുകള്‍ മുന്നൂറ് മീറ്റര്‍ അകലെയുള്ള ഡിവൈഡറിലും അകലെയായി പരന്നുകിടക്കുന്ന കള്ളിമുള്‍ക്കൂട്ടങ്ങളിലും, അതിനപ്പുറത്തായി തലയെടുപ്പോടെ കറങ്ങുന്ന കാറ്റാടി യന്ത്രങ്ങളിലും  തന്നെ ആയിരുന്നു.


ഹലോ..”


ഒരു നിമിഷത്തെ തിരിച്ചറിയലിന് ശേഷം അയാള്‍ തുടര്‍ന്നു.


“Yes ... നാന്‍ ഒത്തുക്കിറെന്‍...ആനാ..that’s not in our procedures…so you may …”


അത് മുഴുമിക്കാന്‍ ഒരുമ്പെടാതെ അയാള്‍, മനസ്സില്ലാതെ എന്തോ കാരണത്താല്‍ ‘Yes’  പറഞ്ഞ് റിസീവര്‍ വച്ചു.


തൊട്ടടുത്ത ചായക്കടയില്‍ നിന്ന്, അന്പതിനടുത്ത് പ്രായമുള്ള ഒരാള്‍, ചുമലിലെ തോര്‍ത്ത്‌ കൊണ്ട് കൈയ്യിലെ ചായ ഗ്ലാസ്‌ തുടച്ച് ആ പോലീസുകാരനോടായി

“കതിര്‍ സാര്‍, ചായ”.

ഒന്ന് ചിരിച്ച് കതിര്‍ ആ ചായഗ്ലാസ് ഒന്ന് മൊത്തിക്കുടിച്ചു.

2017 January 17, പകല്‍ 4 AM

തിരുനെല്‍വേലി ഹൈവെ.

ചെട്ടിക്കുളം മിനാര്‍ പാര്‍ക്കിന് സമീപം ചെറിയൊരാള്‍ക്കൂട്ടം.

ജനകൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന പോലീസുകാര്‍ക്കിടയില്‍ ഒരു ഉദ്യോഗസ്ഥന്‍ സിഗരറ്റ് ചുണ്ടില്‍ തിരുകി, അകലെയായി കറങ്ങുന്ന കാറ്റാടി യന്ത്രങ്ങളെ നോക്കി. പെട്ടെന്ന് റിംഗ് ചെയ്ത ഫോണില്‍, ആരുടെയോ മുഖം തെളിഞ്ഞു. കത്താന്‍ തുടങ്ങിയ സിഗരറ്റ് നിലത്തിട്ട് അയാള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു.  

ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പത്രക്കാരെയും നാട്ടുകാരെയും കൊണ്ട് റോഡ്‌ നിറഞ്ഞു. തമിഴ് ചാനലുകള്‍കളില്‍ ഫ്ലാഷ് ന്യൂസ്‌ മിന്നിമാഞ്ഞു.

തല കീഴായി മറിഞ്ഞു കിടന്നിരുന്ന തമിഴ് നാട് റജിസ്ട്രേഷന്‍ കാറിലേക്ക് പോലീസുകാരന്റെ ശ്രദ്ധ പോയെങ്കിലും നിറുത്താതെ റിംഗ് ചെയ്തു കൊണ്ടിരുന്ന മൊബൈലില്‍ റിസീവ് ബട്ടണ്‍ അമര്‍ത്തി അയാള്‍ ഒന്ന് മാറി നിന്ന് സംസാരിച്ചു തുടങ്ങി.

"Yes sir..കണ്ടിപ്പാ... യെര്ക്കനവേ പോസ്റ്റ്മോര്ട്ടത്തുക്ക് അണപ്പിയാച്ച് സര്‍...".

അങ്ങേത്തലയക്കലെ, ഉയര്‍ന്ന റാങ്കിലെ ഉദ്യോഗസ്ഥന്‍ വേറെ എന്തൊക്കെയോ ചോദിച്ചു കൊണ്ടേ ഇരുന്നു.

ഫോണ്‍ കട്ട് ആക്കുന്നതിന് മുന്നേ അയാള്‍ പോലീസുകാരനോട്‌ ഒരു ചോദ്യം വീണ്ടും ചോദിച്ചു.

"ആമാ..മിസ്റ്റര്‍ കതിര്‍വേല്‍...എത്തന മണിക്ക് പോസ്റ്റ്മോര്‍ട്ടം procedures സ്റ്റാര്‍ട്ട്‌ പണ്ണീങ്കെ? I just wanted to know the approximate time...press people are waiting here....I will be there in the spot in an hour..അതുവരേയ്ക്കും നീങ്കെ സമാലിച്ചിടുങ്കെ...".

പോലീസുകാരന്‍ ഒരു ചെറിയ ഞെട്ടലില്‍ നിന്നെന്നവണ്ണം പറഞ്ഞു തുടങ്ങി-"Sure Sir...ഒരു 3 AM. Accident cases എല്ലാമേ, കൊഞ്ചം early യാ പണ്ണീടുവാങ്കെ..  But there was a delay from normal ones... "

'OK" എന്ന് പറഞ്ഞ് മറുതലയ്ക്കലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഫോണ്‍ കട്ട് ചെയ്തു.

ഏതാനും മണിക്കൂറുകള്‍.

കതിര്‍വേല്‍ വാച്ചിലേക്ക് ഒന്ന് നോക്കി. മഞ്ഞിന്‍റെ നേര്‍ത്ത ഒരാവരണം അയാളുടെ വാച്ചിന്‍റെ ഡയലില്‍ ഒരു ചെറിയ മറ തീര്‍ത്തിട്ടുണ്ട്. ഒന്ന് കൂടെ സൂക്ഷിച്ച് നോക്കിയപ്പോള്‍ സമയം പകല്‍ 6:45.  

അടുത്ത് തന്നെ ഉണ്ടായിരുന്ന മറ്റൊരു പോലീസുകാരനോട്‌ തിരക്കി അയാള്‍ ആശുപത്രിയിലേക്ക് വിളിച്ചു.

കുറച്ച് നാളുകള്‍ക്ക് മുന്പ്, തിരുവനന്തപുരം ആസ്ഥാനമാക്കി ആരംഭിച്ച ന്യൂസ്‌ ചാനലിന്റെ റിപ്പോര്‍ട്ടര്‍ ലൈവ് തുടങ്ങി.

"കഴിഞ്ഞ കുറെയേറെ കൊല്ലങ്ങളായി നടക്കുന്ന ഈ സംഭവത്തിന്‍റെ ഞെട്ടലില്‍ നിന്ന് മാറിയിട്ടില്ല അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന മലയാളികള്‍. പോലീസ് റെക്കോര്ഡ്സ് അനുസരിച്ച് ഈ പരിസരത്ത് സംഭിവിക്കുന്ന പതിമൂന്നാമത്തെ ആക്സിടന്റ്റ് ആണിത്. ഏറ്റവും വേദനാജനകമായി നില്‍ക്കുന്നത്, ഈ സംഭവങ്ങളില്‍ പൊലിയുന്നത് മലയാളികളുടെ ജീവനാണ് എന്നുള്ളതാണ്. പ്രഭാഷ്, കേള്‍ക്കുന്നുണ്ടോ?? ഈ സ്ഥലത്തിന് അടുത്തായി സ്ഥാപിച്ചിട്ടുള്ള കാറ്റാടിയന്ത്രങ്ങളുടെ ശബ്ദം മൂലമാണ് സംഭാഷണം മുറിഞ്ഞു പോകുന്നത്...പ്രഭാഷ്..."
അത് വരെ നിന്നിരുന്ന സ്ഥലത്ത് നിന്ന് അല്പം മാറി, റിപ്പോര്‍ട്ടിംഗ് തുടര്‍ന്നു.

"പക്ഷെ, ഇത്തവണ പതിവിനു വിപരീതമായി അപകടത്തില്‍ പെട്ടത് ഒരു തമിഴ് നാട് റജിസ്ട്രേഷന്‍ വണ്ടി ആണ്. ഇത്തവണയും അമിത വേഗം തന്നെയാണ് അപകട കാരണം എന്ന് തന്നെയാണ് അനുമാനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടാല്‍ മാത്രമേ വിശദ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂ പ്രഭാഷ്....."   

സമയം 8 മണി.

ജില്ലാ കളക്റ്ററും ആര്‍ ഡി ഒയും സ്ഥലം സന്ദര്‍ശിച്ചു. ഫോറന്‍സിക് വകുപ്പിലെ ചിലര്‍ വന്ന്, തല കീഴായി കിടന്നിരുന്ന വണ്ടിയില്‍ നിന്നും, റോഡിന്‍റെ ഓരങ്ങളില്‍ നിന്നും തെളിവുകള്‍ ശേഖരിക്കുന്ന തിരക്കിലായിരുന്നു.

ഫോറന്‍സിക് കൊളിഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ ഒരു ചെറുപ്പക്കാരന്‍, ഡിവൈഡറിന് സമീപം നിന്നിരുന്ന കതിര്‍ വേലനോട് എന്തോ പറയാന്‍ തുനിഞ്ഞു.

"സാര്‍, Myself, Sadat. Muneer Sadat from FCI team. Collision Statistics records പടി നെറയെ doubting elements ഇറുക്ക് ഇതിലെ...ലാസ്റ്റ് ടൈം കൂടെ നാന്‍ ഉങ്കളുടെ ഓഫിസര്‍ കിട്ടെ ചൊന്നേന്‍...ആനാ അവര് ഗൗനിക്കവേ ഇല്ല...ഇന്ത വാട്ടിയും യാരും മദിക്കപ്പോറതില്ല... ജൂനിയര്‍ നാ...ജൂനിയര്‍ താ..പെരിയ കോനന്‍ ഡോയല്‍ ആക വേണാം. അന്ത ഡയലോഗ് മറുപടിയും കേക്ക നാന്‍ വിറുമ്പലെ.. Collision stats കൂടെ പാക്ക വേണ്ടാം...If you want to know more... you can call me in this number...മത്തപടി our report will be a category D one. Accident due to over speed, sudden braking, confirmed fatality....". അയാള്‍ അത്ര മാത്രം പറഞ്ഞു കൊണ്ട് തന്റെ റിപ്പോര്‍ട്ടിംഗ് ഓഫീസറോട് എന്തോ സംസാരിച്ച ശേഷം ഡിപ്പാര്‍ട്ട്മെന്റ് വണ്ടിയില്‍ കയറിയിരുന്നു.  

കതിര്‍വേല്‍, ഏതാണ്ട് പൂര്‍ണ്ണമായും കത്തിത്തീര്‍ന്ന കാറിന്‍റെ പിന്‍ഭാഗത്ത് നോക്കി നിന്നു. നമ്പര്‍ പ്ലേറ്റ് കൈ കൊണ്ട് എടുത്തു. കൈ കൊണ്ട് അതിന്‍റെ പുറം ചട്ട ഒന്ന് പതിയെ തടവി.
മുന്‍ഭാഗത്ത്‌ നിറുത്തിയിരുന്ന വണ്ടിയില്‍ ഇരുന്നിരുന്ന സാദത് കതിരിനെ നോക്കി ചെറുതായൊന്ന് ചിരിച്ചു.

"ഹൈവെ ഡെവലപ്മെന്‍റ് അതോറിറ്റിയും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി സ്ഥാപിച്ച റോഡ്‌ സര്‍വൈലന്‍സ് ക്യാമറ പോസ്റ്റുകളിലേക്കാണ് പോലീസും അഭ്യന്തര വകുപ്പും ഉറ്റുനോക്കുന്നത്...ഇതേ രീതിയില്‍ നടക്കുന്ന പതിമൂന്നാമത്തെ ആക്സിടന്റ്റ് ആണ് ഇത്. നാല് മാസങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച രണ്ട് സി സി ടിവി ക്യാമറ പോസ്റ്റുകള്‍ രണ്ട് ദിവസം മുന്പ് നടന്ന മറ്റൊരു ആക്സിടന്റില്‍ തകര്‍ന്നത്.  സമീപത്തുള്ള തകരാറിലായ കാറ്റാടി യന്ത്രങ്ങളുടെ തകരാറുകള്‍ പരിഹരിക്കാന്‍ യന്ത്ര സാമഗ്രികളുമായി വന്ന ടാറസ് ഇടിച്ചാണ് രണ്ട് പോസ്റ്റുകള്‍ പൂര്‍ണമായും തകര്‍ന്നത്. മുന്പ് സംഭവിച്ചത് പോലെ തന്നെ ഈ സംഭവവും പാതി വഴിയില്‍ അന്വേഷണം നിറുത്തുമോ എന്ന ആശങ്കയില്‍ ആണ് ഇവിടുള്ളവര്‍ പ്രഭാഷ് ...ചെട്ടിക്കുളം സംഭവസ്ഥലത്ത് നിന്നും ക്യാമറമാന്‍ സതീഷ്‌ ഐനിക്കരയോടൊപ്പം ക്രിസ്റ്റോ വല്ലാടം." 

മുന്‍ഭാഗം തകര്‍ന്ന നിലയില്‍ ഇത്തിരി മാറി ഒതുക്കിയിട്ടിരുന്ന ടാറസില്‍ നിന്ന് ഫോക്കസ് ഷിഫ്റ്റ്‌ ചെയ്ത് സതീഷ്‌ ക്യാമറ ഓഫ്‌ ചെയ്തു.

അന്ന് രാത്രി ഏറെ വൈകിയും സ്റ്റേഷനില്‍ ഇരുന്ന കതിര്‍, ഫോറന്‍സിക്കിലെ സാദത്തിനെ വിളിച്ച് കേസിന്‍റെ വിവരങ്ങള്‍ ആരാഞ്ഞു. നമ്പര്‍ പ്ലേറ്റില്‍ പതിഞ്ഞിരുന്ന പശയും, വളരെ നേരത്തെ തന്നെ പോസ്റ്റ്മോര്‍ട്ടം പ്രൊസ്യൂജ്യൂര്‍ നടന്നതിനെ പറ്റിയും തിരക്കി. അപ്പോഴാണ്‌ അന്ന് വൈകുന്നേരം സ്റ്റേഷനില്‍ ആരോ കൊണ്ട് വന്ന സായാഹ്ന പത്രം കണ്ണില്‍ പെട്ടത്.

മരിച്ചവരില്‍ ഒരാള്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ആണെന്നും മറ്റൊരാള്‍ ആംബുലന്‍സ് സര്‍വീസ് നടത്തുന്നയാളാണെന്നും അറിയുന്നത്. 

പിറ്റേന്ന് പുലര്‍ച്ചെ ചെട്ടിക്കുളം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ കതിര്‍, അതുവരെ അവിടെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട അക്സിടന്റ്റ് കേസുകളെ പറ്റി തിരക്കിയ കൂട്ടത്തില്‍ തലേന്ന് മരിച്ച ഡോക്ടറെ കുറിച്ച് വകുപ്പ് മേധാവിയോട് ചോദിച്ചു.

മേധാവി-"Yes officer. He used to take care of accident cases and he finishes that in quick time too.. but എന്ന പന്രത്..വിധി... "

കതിര്‍ -  "Was he on leave yesterday?"

മേധാവി -"No."  

കതിര്‍: "അപ്പൊ നേത്ത്, procedures യാര് പണ്ണാങ്ക? in his absence ?."

മേധാവി: "We have a team here. So it never worries us officer!".

കതിര്‍: "I need all the reports. കുറിപ്പാ, accident cases. Postmortem details and details of all survivors?" 

കിട്ടിയ രേഖകളുമായി കതിര്‍ വീട്ടിലേക്ക്‌ തിരിച്ചു. മുന്‍പ്‌ നടന്ന ആക്സിടെന്റ്സില്‍ മരണപ്പെട്ട പലരുടെയും കുടുംബാംഗളുമായി സംസാരിച്ചു. ബിസിനസുകാര്‍, ഗള്‍ഫുകാര്‍ അങ്ങനെ പലരും. പിറ്റേന്ന് പുലര്‍ച്ചെ കേരളാതിര്‍ത്തിയിലുള്ള മൂന്ന് ചെക്ക്‌ പോസ്റ്റുകളിലേക്ക് പുറപ്പെട്ടു.

ചെക്ക്‌ പോസ്റ്റിലെ ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്ട്ടുമെന്റിലെ ഉദ്യോഗസ്ഥനോട് ചില വിവരങ്ങള്‍ തിരക്കി.

അമരവിള ചെക്ക്‌ പോസ്റ്റ്‌ ഉദ്യോസ്ഥന്‍: “ഇല്ല സാര്‍..ഞങ്ങള്‍ പൊതുവേ ഫാമിലി സഞ്ചരിക്കുന്ന വാഹങ്ങള്‍ കാര്യമായി ചെക്ക്‌ ചെയ്യാറില്ല..മാക്സിമം കാറിനകത്തേക്ക് ടോര്‍ച് അടിച്ചു നോക്കും. പലപ്പോഴും ഡ്രൈവര്‍ തന്നെ ഉള്ളിലെ ലൈറ്റ് ഓണ്‍ ചെയ്യാറുണ്ട്. പിന്നെ സംശയം തോന്നുന്ന വാഹങ്ങള്‍ മാറ്റി നിറുത്തി പരിശോധിക്കും. അത്ര തന്നെ.. പിന്നെയും എന്തേലും ഡൌട്ട് ഉണ്ടെങ്കില്‍ മാത്രം വണ്ടികളുടെ നമ്പറുകള്‍ കുറിച്ച് വയ്ക്കും... പക്ഷെ സാര്‍ ഈ പറയുന്ന നമ്പറുകള്‍ ഒന്നും തന്നെ ഞങ്ങള്‍ കുറിച്ച് വച്ച റജിസ്റ്ററില്‍ ഇല്ലാത്തതാണ്.”

കുഴിത്തുറ ചെക്ക്‌ പോസ്റ്റില്‍, തൊട്ടടുത്ത കരിക്ക്‌ കടയില്‍ നിന്ന് നല്ലൊരു ഗൌരിഗാത്രം വാങ്ങി പൊട്ടിച്ച് ചുണ്ട് ചേര്‍ക്കുന്നതിനിടയില്‍ കതിര്‍ ചോദിച്ചു-“ എത്തന മണി വരെ ഷിഫ്റ്റ്‌?”

അവിടത്തെ പോലീസുകാരന്‍ മറുപടി കൊടുത്തു –“ഇപ്പോള്‍ ഷിഫ്റ്റ്‌ ഒന്നുമല്ല സര്‍...പോന ആഴ്ച വരേയ്ക്കും ഷിഫ്റ്റിലെ താന്‍ വേല പാത്തേന്‍... ഇന്ത വാരം തെരിയാത്‌ സാര്‍..കൂടെ വേല നോക്കിയിരുന്ന ആള്‍ പോയിട്ടാങ്കേ...കുറിപ്പാ ചോല്ലണോം ന്നാ പോന ചൊവ്വാക്കെളമേക്ക്...ചൊവ്വ... ഫോണ്‍ കൂടെ ഓഫ്‌ താന്‍..എങ്കെ പോയി തൊലഞ്ചോ എന്നതോ... ”

അത് ശ്രദ്ധിച്ച കതിര്‍, അയാളുടെ ഫോണില്‍ നിന്ന്, മറ്റേ പോലീസുകാരന്റെ ഫോട്ടോ നോക്കി... അത് തന്റെ ഫോണിലേക്ക്‌ വാട്ട്സ്ആപ് ചെയ്തു.

“മരിച്ചവര്‍ മൂന്ന് പേര്‍. ചെട്ടിക്കുളം ആശുപത്രി സര്‍ജന്‍, പരിസര വാസിയായ ആംബുലന്‍സ്‌ ഡ്രൈവര്‍, ചെക്പോസ്റ്റ്‌ ഉദ്യോഗസ്ഥന്‍, മൂന്നാമന്‍? “- രേഖകള്‍ പലതും തിരിച്ചും മറിച്ചും നോക്കിയിട്ടും നാലാമനെ പറ്റി യാതൊന്നും അറിവില്ല. മൂന്നുപേരുടെയും ശരീര ഭാഗങ്ങള്‍ ഭാഗീകമായി കത്തിക്കരിഞ്ഞു പോയിരിക്കുന്നു.

ഹൈവേ ആക്സിടന്റ്റ്‌ ആന്‍ഡ്‌ പട്രോളിംഗ് ടീം തുടങ്ങിയിട്ട് ഇത് രണ്ടാമത്തെ വര്ഷം. അതിലെ ഒരു സാധാരണ ഇന്‍സ്പെക്ടര്‍ ആയ തനിക്ക്‌ ചെയ്യാന്‍ പറ്റാവുന്ന കാര്യങ്ങള്‍ക്ക് പരിമിതിയുണ്ടെന്നു നല്ലപോലെ മനസിലാക്കിയിരുന്നു കതിര്‍. അത് വരെ കിട്ടിയതൊക്കെ ചേര്‍ത്ത് ACP യെ അറിയിക്കാം എന്നുറച്ചു.

സ്റ്റേഷന് പുറത്തേയ്ക്കിറങ്ങി പതിവ് നാല് മണി ചായ കുടിക്കാന്‍ കടയുടെ അടുത്തേക്ക്‌.
കുഴിത്തുറ  സ്റ്റേഷനില്‍ നിന്ന് ഒരു കോള്‍. ഒരു man missing കംപ്ലയിന്റ്റ്‌.

ഫോണിന്‍റെ അങ്ങേത്തയല്‍ക്കല്‍ നിന്ന് : “സാര്‍, ഒരു ഡൌട്ട് ആണ്...ലാസ്റ്റ്‌ വീക്ക്‌ നടന്ന അക്സിടന്റിലെ മൂന്നാമത്തെ ആളാണോ ഇതെന്ന് .....ഇവിടെ പറഞ്ഞ ഡീട്ടയില്‍ വച്ച് നോക്കിയപ്പോള്‍ തോന്നിയതാണ്...”

അയാളോട് താങ്ക്സ് പറഞ്ഞ് കതിര്‍, സ്റ്റേഷനിലേക്ക്‌ ഓടി. കരിഞ്ഞുപോയ ഷര്‍ട്ടിന്റെയും പാന്‍സിന്റേയും ഭാഗങ്ങളും മാന്‍ മിസ്സിംഗ്‌ കേസിലെ അടയാളങ്ങളും ചേര്‍ത്ത് വായിക്കാന്‍ പറ്റുന്നതാണ്... പക്ഷെ എന്തിന്....

കതിര്‍ കസേരയിലേക്ക്‌ ചാഞ്ഞു.   

ജനലുകല്‍ക്കിടയിലൂടെ അകലേയ്ക്ക് നോക്കി. കിലോമീറ്ററുകള്‍ അകലെ അതി വേഗത്തില്‍ കറങ്ങുന്ന കാറ്റാടിയന്ത്രങ്ങള്‍.

അയാള്‍ ജീപ്പെടുത്ത് ചെട്ടിക്കുളത്തേക്ക് പുറപ്പെട്ടു. കേടായി കിടന്നിരുന്ന കാറ്റാടി യന്ത്രങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന ടെക്നീഷ്യന്‍സില്‍ ഒരാളെ അരികിലേക്ക്‌ വിളിപ്പിച്ചു. അയാള്‍ പറഞ്ഞതനുസരിച്ച് പോസ്റ്റിലിടിച്ച് നിന്നിരുന്ന ടാറസിനെപ്പറ്റി അവര്‍ക്കറിയില്ലാന്നും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മെയിന്റനന്‍സ് കോണ്ട്രാക്ട്റ്റ് അവര്‍ക്കായിരുന്നെന്നും അറിയാന്‍ സാധിച്ചു.

പിറ്റേന്ന് വൈകുന്നേരം 5:50 മണി.

മാടിക്കടയ്ക്കരുകിലെ കോയിന്‍ ബോക്സില്‍ നിന്ന് കതിര്‍ ഒരു തിരുവനന്തപുരം നമ്പര്‍ ഡയല്‍ ചെയ്തു. 
കതിര്‍: “ഹലോ..Can I speak to Mr. ഗോപാല്‍ അയ്യര്‍. NLC 51 MW wind mill project manager ഗോപാല്‍ അയ്യര്‍. “

അങ്ങേത്തലയാക്കല്‍ ഒരു സ്ത്രീ ശബ്ദം –“No. You can’t talk to him right now. I mean he can’t talk to you “

ഒരു ചിരിയോടെ കതിര്‍ തുടര്‍ന്നു . “But you can talk to me, right Madam? Mrs. Gopal.കുറിപ്പാ സൊല്ലണോന്നാ Chetana Gopal IPS? “

കതിരിനെ ഞെട്ടിച്ച് കൊണ്ട് ഇത്തവണ ചിരിച്ചത്‌ ചേതന ആയിരുന്നു.

Yes Mr. Kathirvel. നിങ്ങള്‍ക്ക്‌ എന്നോട് തന്നെയല്ലേ സംസാരിക്കേണ്ടത്...എന്താ ലോറി ഡ്രൈവര്‍ അഴകേശന്‍ എല്ലാം പറഞ്ഞുവോ? And all your procedures got over? എപ്പോഴാണ് ACP അരവിന്ദ്‌ രാമമൂര്‍ത്തിയെ കാണാന്‍ പോകുന്നത്? പറ്റുമെങ്കില്‍ ഇന്നു തന്നെ പോകുക...make sure you reach there before 6O clock..sharp 6’ O clock.”

ഒരു മിനിറ്റ് പൂര്‍ത്തിയായി കോള്‍ കട്ട് ആയി. കതിര്‍ തന്‍റെ വാച്ച് നോക്കി. നല്ല തെളിമയോടെ സമയം തെളിഞ്ഞു.

5:58 PM

നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആ കോയിന്‍ ഫോണ്‍ റിംഗ് ചെയ്തു.

അങ്ങേത്തലയ്ക്കലെ സ്ത്രീ ശബ്ദം തുടര്‍ന്നു -“Mr. Officer you can submit the reports to me.”

കതിരിന്റെ ശബ്ദത്തിലെ നീരസവും ഉപേക്ഷയും മനസിലാക്കിയ Chetana തുടര്‍ന്നു –“ It’s not a request anymore.. It’s an order… “

കതിര്‍: “Yes ... നാന്‍ ഒത്തുക്കിറെന്‍...ആനാ..that’s not in our procedures…so you may …”
അത് മുഴുമിക്കാന്‍ ഒരുമ്പെടാതെ അയാള്‍, മനസ്സില്ലാതെ എന്തോ കാരണത്താല്‍ ‘Yes’  പറഞ്ഞ് റിസീവര്‍ വച്ചു.

2017 January 28

ഹൈവെ ആക്സിടന്റ്റ്‌ ആന്‍ഡ്‌ പട്രോളിംഗ് വകുപ്പ്‌ മേധാവിയുടെ ഓഫീസ്‌.
പുറത്ത് കാത്ത് നിന്ന അലോസരഭാവം കതിരിന്റെ മുഖത്തുണ്ട്. ഓഫീസില്‍ നിന്ന് ഒരാള്‍ പുറത്തേക്ക് വന്ന് കതിരിനെ കൂട്ടി അകത്തേയ്ക്ക് പോയി.

തലേന്ന് വരെ ഇല്ലാത്ത ഒരു ഫോര്മാലിട്ടി എന്താ എന്ന മട്ടില്‍ കതിര്‍ അയാളെ നോക്കി.
മേധാവിയുടെ മുറിയില്‍ എത്തിയ കതിര്‍ മേശമേല്‍ ഇരുന്ന ബോര്‍ഡ്‌ കണ്ട് ശ്രദ്ധയോന്നു പാളി-“Chetana Gopal IPS”

Chetana: Please take your seat Mr. officer. ഇനി ഞാന്‍ ആണ് ഇവിടെ. അരവിന്ദ്‌ രാമമൂര്‍ത്തിക്ക് ഒരു പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ …back to traffic…”

കസേരയിലേക്ക്‌ ഇരുന്ന കതിരിനെ നോക്കി അവര്‍ തുടര്‍ന്നു-

initial reports and prima facie evidences എല്ലാം ഞാന്‍ കണ്ടിരുന്നു. Good. Smart work..ഇനി കിട്ടാനുള്ള ഡീട്ടയില്സ് ഞാന്‍ പറഞ്ഞു തരാം....ആല്ബര്ട്ട് വില്ലി..ടിയാന് Tyre Puntcure കടയുണ്ട്..ഇതിന് മുന്നേ നടന്നിരുന്ന എല്ലാ അപകടങ്ങളിലും വണ്ടിയുടെ puncture റിപയര്‍ ചെയ്തിരുന്നതായി കണ്ടിരുന്നോ കതിര്‍? ഇനി അവര്‍ മൂന്ന് പേരും എങ്ങനെ ഒരു വണ്ടിയില്‍ എത്തി എന്നത് അല്ലെ...അത് കതിര്‍ അന്വേഷിച്ച് മുഷിയണ്ടാ...ഞാന്‍ തന്നെ പറഞ്ഞു തരാം...മറ്റൊരവസരത്തില്‍... ഇവിടത്തെ കൌണ്‍സിലുമായി ഒരു മീറ്റിംഗ് ഉണ്ട്...We will meet next week. Need to attend an urgent meeting in Goa tomorrow”.


തനിക്ക്‌ ചുറ്റും നടക്കുന്നതും നടന്നതും എന്താണെന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ച കതിര്‍ ഓഫീസ്‌ ഡോര്‍ കടന്ന് പുറത്തെത്തി.

അയാളുടെ മൊബൈലിലേക്ക് ഒരു കോള്‍..”Approver Azhakeshan”

കതിര്‍: “ സൊല്ല്”

അഴകേശന്‍ പറയുന്ന കാര്യങ്ങള്‍ കതിരിന്റെ മുഖത്ത് പല ഭാവങ്ങള്‍ മിന്നി മായിച്ചു.
നോയിഡ  പോലീസില്‍ റോഡ്‌ സേഫ്റ്റി ആന്‍ഡ്‌ അക്സിടന്റ്സ് ഡിപാര്ട്ടുമെന്റില്‍ സേവനമനുഷ്ടിച്ചിരുന്ന Chetana യെ പറ്റി അയാള്‍ പറഞ്ഞു തുടങ്ങി. പറഞ്ഞു നിറുത്തിയത് എട്ട് മാസം മുന്‍പ്‌ നടന്ന ഒരു അക്സിടന്റില്‍ ആയിരുന്നു. അതില്‍ മരണപ്പെട്ട നാലുപേരെപ്പറ്റിയും. അന്നത്തെ അപകടത്തില്‍ വണ്ടിയില്‍ നിന്ന് തെറിച്ച് വീണ അവരുടെ ഭര്‍ത്താവ്, വിന്‍ഡ്‌ മില്‍ പ്രോജെക്റ്റ്‌ മാനേജര്‍ ഗോപാലിനെ പറ്റിയും പറഞ്ഞു. അപകടത്തില്‍ നിന്ന് കഷ്ടിച്ചാണ് അയാള്‍ രക്ഷപ്പെട്ടത്‌... റോഡില്‍ നിന്ന് തെറിച്ച് വീണ ആയാളെ സമീപത്തുള്ള കള്ളിമുള്ള് കാടില്‍ നിന്നാണ് അന്ന് പോലീസ്‌ കണ്ടെത്തിയത്‌. കഴിഞ്ഞ ഏഴ് മാസമായി അയാള്‍ വീല്‍ ചെയറില്‍ ആണെന്നും കൈകാളുടെ ചലന ശേഷി പോയതിനെ പറ്റിയും അയാള്‍ കൂട്ടിച്ചേര്‍ത്തു. അന്ന് കൊല്ലപ്പെട്ട സ്ത്രീകളുടെ ആഭരണങ്ങളും നഷ്ടപ്പെട്ട കാശിനെപ്പറ്റിയും പറഞ്ഞു. കൂടാതെ പോലീസ്‌ എത്തുന്നതിനു മുന്നേ തന്നെ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തെപ്പറ്റിയും.    

“എന്നെ എപ്പുടിയാവത് വിട്ടിടുങ്ക സാര്‍...കോര്‍ട്ടില്‍ വന്ത് നാന്‍ സൊല്രേന്‍...പ്ലീസ് സാര്‍”.
കതിര്‍ ഒന്നും മിണ്ടിയില്ല.

വീട്ടില്‍ ചെന്ന്, ACP രാമമൂര്‍ത്തിയ്ക്ക് കൊടുക്കാനല്ലാത്തതായി മാറ്റി വച്ചിരുന്ന രേഖകള്‍ അടങ്ങിയ ഫയല്‍ സേഫില്‍ നിന്നെടുത്തു. അതില്‍ ചേതനയെപ്പറ്റിയും ഇതില്‍ അവരുടെ involvement നെ പറ്റിയുമുള്ള എല്ലാ തെളിവുകളും ഉണ്ടായിരുന്നു.

ടാറസില്‍ കൊണ്ടുവന്ന റിപ്പയറിംഗ് കിറ്റും മറ്റുപകരണങ്ങളും കണ്ടെത്തിയതായും, കേടായി കിടന്നിരുന്ന കാറ്റാടി യന്ത്രങ്ങളുടെ സമീപത്തായി അഗ്രഭാഗം കത്തിയെരിഞ്ഞ രണ്ട് വയറുകള്‍ കണ്ടതായും അതില്‍ ഡീസല്‍ പറ്റിയിരുന്നതായും ആ രേഖകളില്‍ പറഞ്ഞിരുന്നു.   
കതിര്‍  ഒരു സിഗരെറ്റ്‌ എടുത്ത് ചുണ്ട് ചേര്‍ത്തു.  

മഞ്ഞുള്ള തെളിഞ്ഞ ആകാശത്ത്, ആയാള്‍ വീടിന് മുന്ഭാഗത്തെ മുറ്റത്തേക്കിറങ്ങി.
ഏതാനും നിമിഷങ്ങള്‍.

വൈബ്രെയ്റ്റ് ചെയ്ത ഫോണില്‍ “മുനീര്‍ സാദത്” എന്ന പേര്  തെളിഞ്ഞു.
മുനീര്‍: ” സാര്‍, എപ്പുടി പോയിട്ടിറുക്ക്‌? കേസ് മുടിച്ചാച്ചാ...നാന്‍ കൊടുത്ത ഡീറ്റയില്‍സ് തേവപ്പെട്ടിടിച്ചോ എന്നതോ...”

ഒരു ചെറിയ സന്തോഷം ഉണ്ടായിരുന്നു ആ ചോദ്യത്തില്‍.

സിഗരറ്റ് കയ്യില്‍ നിന്ന് നിലത്തേയ്ക്കിട്ട്, കതിര്‍ പറഞ്ഞു-“We were wrong Sadat..That was an accident…മത്ത പടി എതുമേ അതിലെ ഇല്ല....”

മുനീര്‍: “സാര്‍ അന്ത നമ്പര്‍ പ്ലേറ്റ്...അതിലെ ഒരു...”

മുനീര്‍ അത് പറഞ്ഞു മുഴുമിക്കുന്നതിന് മുന്‍പേ തന്നെ, കതിര്‍ പറഞ്ഞു തുടങ്ങിയിരുന്നു-“ I will surely call you, if needed… റൊമ്പ നണ്ട്രി...”

കോള്‍ കട്ട് ചെയ്തു തിരികെ വീടിനുള്ളിലേക്ക് നടന്നു കയറുമ്പോള്‍, മുറ്റത്ത്‌ സിഗരറ്റിന്റെ കൊള്ളി വീണു ഒരു കൂട്ടം കടലാസ്സ്‌ കഷ്ണങ്ങള്‍ ചാരമാകുകയായിരുന്നു. അക്കൂട്ടത്തില്‍ വക്ക് കത്തിയ ഒരു കഷ്ണം കടലാസ്സില്‍ ‘Che’ എന്നത് മാത്രം എരിയാതെ അവിടെ പറന്നു നടന്നു.


രണ്ടു നാള്‍ കഴിഞ്ഞ്, ഓഫീസില്‍ ചെന്ന് കാണാന്‍ മടിച്ച് അഴകേശന്‍ പറഞ്ഞ, ചേതനയുടെ വീട്ടിലേക്ക്‌ തിരിച്ചു.

കോളിംഗ് ബെല്ലിലേക്ക് വിരല്‍ പോയ കൂട്ടത്തില്‍ അയാളുടെ കണ്ണുകള്‍ രണ്ട് ചെറിയ നെയിം ബോര്‍ഡുകളിലേക്ക്‌ പാഞ്ഞു.  

അതിലൊന്ന്,
Dr. Chetana Gopal” എന്നായിരുന്നു.

മറ്റൊന്നില്‍ “Dr. ഗോപാല്‍ ശങ്കര്‍” എന്നും.

അതേസമയം, ആ വീടിനുള്ളില്‍, വീല്‍ ചെയറില്‍ പതിഞ്ഞിരുന്നിരുന്ന ഒരു കൈവിരല്‍ പതിയെ ചലിച്ചുതുടങ്ങിയിരുന്നു. വര്‍ദ്ധിച്ച സന്തോഷത്തോടെ ആ കൈവിരലുകളുടെ ഉടമയുടെ അടുത്തേക്ക്‌ ഒരു സ്ത്രീ നടന്നടുത്തു. അവര്‍ ആ കൈകള്‍ തന്‍റെ മുഖത്തേക്ക് ചേര്‍ത്ത് പിടിച്ചു.

കതിര്‍, ബെല്ലില്‍ വിരല്‍ അമര്‍ത്തി.

ഗൃഹനാഥ പുറത്തേയ്ക്ക് വന്നു. നനവുള്ള കണ്ണുകള്‍ തുടച്ച് അവര്‍ എന്തോ പറയാന്‍ ആഞ്ഞു.

കതിര്‍:”ചേതന മാഡം?”

സ്ത്രീ: ”അതേ...ഞാന്‍ ആണ്...എന്താണ്?”

ഒന്നതിശയിച്ച് നെയിം ബോര്‍ഡില്‍ നോക്കി, കതിര്‍ വീണ്ടും സംശയത്തോടെ ചോദിച്ചു- “Dr. ഗോപാലിന്‍റെ വീട്?”

സ്ത്രീ: “Yes. ഇത് തന്നെയാണ് വീട്.. എന്‍റെ ഹസ്ബന്‍റ് ആണ്...എന്താണ് വേണ്ടത്‌?”

താന്‍ ഉദ്ദേശിച്ച ആള്‍ അല്ല മുന്നില്‍ എന്ന് മനസിലാക്കിയ കതിര്‍, വീട് മാറിയതാണെന്ന്  പറഞ്ഞ് പുറത്തിറങ്ങി.

പുറത്തിറങ്ങിയ കതിര്‍, അതിവേഗം ഫോണ്‍ എടുത്ത് അഴകേശനെ വിളിച്ചു. അങ്ങനെ ഒരു നമ്പര്‍ നിലവില്‍ ഇല്ല എന്നതായിരുന്നു തിരികെ കേട്ടത്!!


അയാള്‍ ഹൈവെ ആക്സിടന്റ്റ്‌ ആന്‍ഡ്‌ പട്രോളിംഗ് വകുപ്പ്‌ ഓഫീസിലേക്ക് വിളിച്ചു.  അവിടെ നിന്നുള്ള മറുപടി കേട്ട് കതിര്‍ സ്തംഭിച്ചു നിന്നു പോയി.

ഗോവയിലെ അന്നത്തെ സായാഹ്ന പത്രങ്ങളില്‍ ഇങ്ങനെ ഒരു വാര്‍ത്ത‍ ഉണ്ടായിരുന്നു.

ACP Ramamoorthy killed in road accident. The incident took place on Panjim-Pune highway early morning today……….”

  
~കണ്ണന്‍ നായര്‍