Pages

Sunday, 16 July 2017

പരകായം


 
“പ്രഡിക്ഷന്‍ പോയിന്‍റ് എന്നുള്ള പേര് തന്നെ ഇടാന്‍ എന്താണ് മാഡം  കാരണം?
Already we have many

ആ ചോദ്യം മുഴുമിക്കാന്‍ വിടാതെ ഡോക്ടര്‍ മധുലത ദുലാത്തി മറുപടി പറഞ്ഞു തുടങ്ങി.

“ശാസ്ത്രീയ വിശകലനങ്ങള്‍ അല്ലാതെ ഈ ഒരു പേരിലേക്ക് എത്താന്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ട്! ഈ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷങ്ങളുമായി ബന്ധപ്പെട്ട് പ്രഡിക്ഷന്‍ ഇമ്പാക്റ്റ് എന്നും പ്രഡിക്ഷന്‍ ഇന്റെര്‍വല്‍ എന്നുമൊക്കെ കേട്ടിട്ടുണ്ടാവും. എന്നാല്‍ ഇത് പൂര്‍ണമായും നിങ്ങളുടെ മനസ് പറയുന്ന ആവൃത്തിയുടെ അവസാന വാക്കാണ്”

ആ മറുപടിയില്‍ തൃപ്തനല്ലാതെ, ആ മാധ്യമ പ്രവര്‍ത്തകന്‍ തൊട്ടടുത്തിരിക്കുന്ന മറ്റൊരു പത്രപ്രവര്‍ത്തകസുഹൃത്തിനെ നോക്കി.

തിരിച്ച് വരാന്‍ മടിക്കുന്ന മനസ്സിന്‍റെ മിടിപ്പ്. അതുണ്ടാക്കുന്ന വൈദ്യുത പ്രഭാവം. അതാണീ സബ്മിഷന്‍ പറയുന്നത്...ഒരു പ്രത്യേക സമയം. എനര്‍ജി ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റം ചെയ്യപ്പെട്ടേക്കാം എന്നത് ഉറപ്പിക്കാന്‍ സാധിക്കുന്ന സമയം..അതിനെ ഞാന്‍ വിളിക്കാന്‍ ഉദ്ദേശിക്കുന്നത് ഈ പേരില്‍ ആണ്. ബാക്കി ഡീറ്റയില്‍സ് ഞാന്‍ വഴിയെ നിങ്ങളെ അറിയിക്കുന്നതാണ്”

മുന്നില്‍ ഇരുന്നിരുന്ന മഷീന്‍ ചായയും ചൂട് സമൂസയും കഴിച്ച് പ്രസ്‌ മീറ്റ്‌ 
പിരിഞ്ഞു.

മധുലത വളരെ പണിപ്പെട്ട് കസേരയില്‍ നിന്ന് എഴുന്നേറ്റ്, പുറത്തേക്കിറങ്ങി.

“ഇനി അധിക നാള്‍ വെയിറ്റ് ചെയ്യണ്ടാ ട്ടോ, മിസ്സിസ് ദുലാത്തി. ആള് ഉടനെ റിലീസ് ആകും”.

മധുലതയുടെ അടിവയറ്റില്‍ ചെറുതായി തടവിയ ശേഷം, സ്കാന്‍ സ്ക്രീനിലേക്ക് നോക്കി, ഡോക്ടര്‍ അവരുടെ കുറിപ്പടിയില്‍ എന്തോ എഴുതി.

“ഈ റിസര്‍ച്ചും, ഊര് ചുറ്റലും ഇച്ചിരി കുറയ്ക്കാന്‍ സമയമായി ട്ടോ. ദുലാത്തി സര്‍ ടൂര്‍ കഴിഞ്ഞ് എത്തിയില്ലേ?”

‘ഇല്ല’ എന്നയര്‍ത്ഥത്തില്‍ തലയൊന്ന് ചെറുതായി ഇരുവശത്തേക്കും പായിച്ച് മധുലത സ്വന്തം വയറിലേക്ക് ഒന്ന് നോക്കി. 

തിരികെ ഉബര്‍ ബുക്ക് ചെയ്ത് വീട്ടിലെത്തി. പുറം പണിക്കാരനോട് കയര്‍ക്കുന്ന മുറി മലയാളം അറിയുന്ന അമ്മായിയമ്മ. ഗര്‍ഭിണി ആയതില്‍ പിന്നെ വല്ലാത്ത സ്നേഹം ആണ്. അത്, പ്രസവിച്ച് കഴിഞ്ഞ് ഒന്ന് രണ്ട് മാസത്തില്‍ പഴയത് പോലെ ആകും എന്ന് അറിയാത്തതല്ല. ഇതിപ്പോള്‍ ജലദോഷപ്പനി പകരണ്ടാന്ന് വച്ച് ഇന്നത്തെ സ്കാനിന് കൂടെ വരാത്തതാണ്. വിവാഹം എന്ന ഇന്‍സ്റ്റിറ്റ്യൂഷന്‍ ഒരു സമരസപ്പെടലാണ്‌, പൊരുത്തപ്പെടലാണ്; ഭര്‍ത്താവുമായല്ല, പലപ്പോഴും ഭര്‍ത്താവിന്‍റെ ബന്ധുക്കളുമായാണ് ട്രീറ്റി സൈന്‍ ചെയ്യേണ്ടത് എന്ന് അവള്‍ക്ക് തോന്നിയിരുന്നു. നോര്‍ത്ത് ഇന്ത്യയില്‍ ജോലി ചെയ്തിരുന്ന അച്ഛന്‍റെ ആത്മസുഹൃത്തിന്‍റെ മകനുമായുള്ള വിവാഹം. മൂത്ത കുഞ്ഞിന് രണ്ടര വയസ്സ് ആകുന്നതേ ഉള്ളൂ. മധുലതയ്ക്ക് തന്‍റെ യാത്രകളും റിസര്‍ച്ചിന്‍റെ അലച്ചിലുകളും അമ്മായിയമ്മയ്ക്ക് തീരെ ഇഷ്ട്ടമായിരുന്നില്ല എന്നത് അറിയാഞ്ഞിട്ടല്ല. എന്തോ ഇത് അങ്ങനെ ഒഴിവാക്കാന്‍ അവര്‍ക്ക് തോന്നിയില്ല.

“വയറ്റില്‍ വളരുന്ന ഈ കുഞ്ഞിന്, എന്‍റെ യാത്രകള്‍ക്ക്...കുറച്ച് കൂടെ എളുപ്പത്തില്‍ പറഞ്ഞാല്‍, എന്‍റെ ചിന്തകളുടെ തന്നെ കടിഞ്ഞാണ്‍ എന്ന് വിളിക്കാന്‍ ആണ് സൗകര്യം”. അവള്‍ രാത്രി കിടക്കുന്നതിന് മുന്നേ വയറില്‍ തലോടി അങ്ങനെ ചിന്തിക്കാറുണ്ടായിരുന്നു. 

ഇടക്കിടെ വിളിക്കുന്ന ഭര്‍ത്താവ് കൃത്യമായി മകനെപ്പറ്റിയും വയറിനെ പറ്റിയും ചോദിക്കാറുണ്ട്.  

“ഒന്നാലോചിക്കുമ്പോള്‍ ഓരോ ജീവിത സാഹചര്യമാണ് മനുഷ്യന്‍റെ തീരുമാനങ്ങളുടെ മുന്‍ഗണന നിശ്ചയിക്കുന്നത്. ആര് ആദ്യം. ആര് രണ്ടാമത്,എന്താദ്യം, എന്താണ് പിന്നെ വരുന്നത് എന്നൊക്കെ! ഒരുപക്ഷേ അത് പ്രകൃതിക്ക് മാത്രം അറിയാവുന്ന  ക്രമീകരണവുമായിരിക്കാം.” 

സബ്മിഷനിലെ അവസാന വാചകങ്ങളെ ഓര്‍ത്ത് അവള്‍ തലയിണയിലേക്ക് ചെറുതായി മുഖം ചരിച്ചു.

ഓര്‍മകളില്‍ ആദ്യവസാനം വരെയുള്ള, ശാസ്ത്രലോകം വിശ്വസിക്കാത്ത പരമാര്‍ത്ഥങ്ങളിലേക്ക് മനസിനെ പറഞ്ഞുവിട്ട് അവള്‍ മുറിയിലെ വിളക്കണച്ചു.

2012 ലെ സ്റ്റോക് ഹോം കണ്‍വെന്‍ഷന്‍ പോലും പരാജയപ്പെടുന്ന ആ അന്തരീക്ഷത്തിലേക്ക് നടന്നടുക്കുക അത്ര എളുപ്പമായിരുന്നില്ല. ചിന്തകള്‍ ആദ്യം ബാധിച്ചത് അവിടത്തെ കുരുന്നുകളെ ആയിരുന്നു, കണ്ണീരുറവ വറ്റിയ അമ്മമാരെപ്പറ്റി ആയിരുന്നു. കൊഴുത്ത് തഴച്ച് നില്‍ക്കുന്ന കശുമാവിനെ ഞാന്‍ കണ്ടില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ ആഴ്ചയിലൊരിക്കല്‍ കുത്തി വയ്പ്പെടുക്കുന്ന വെള്ളക്കോഴികള്‍ക്ക് തുല്യമായിരുന്നു ആ മരങ്ങളും. ചുരുക്കിപ്പറഞ്ഞാല്‍ അന്നത്തെ എന്‍റെ ചിന്തകളുടെ പ്രാതിനിധ്യം മനുഷ്യ ജീവനുകളില്‍ മാത്രം ഉടക്കി നിന്നു. പല കുടിലുകളും ഞാന്‍ കണ്ടു. വാലറ്റിലെ മനുഷ്യഗന്ധം തീരെയില്ലാത്ത വര്‍ണ്ണക്കടലാസുകള്‍ അവരില്‍ ചിലര്‍ക്ക് നേരെ നീട്ടി. ‘ഞങ്ങള്‍ക്ക് വേണ്ടത് ഇതല്ല’ എന്നൊരാള്‍ എന്നോട് പറഞ്ഞ്, അതേപടി എന്നെ തിരികെ ഏല്‍പ്പിച്ചു. ആ കാഴ്ചകള്‍ ആണ് ഇതിന് പ്രചോദനം. ‘പരകായ പ്രവേശം’. ആ പരന്‍റെ കായം ഇവിടെ മനുഷ്യന്റേത്  അല്ലായെങ്കിലോ? ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ അതിലേക്കാണ് ‘പ്രഡിക്ഷന്‍ പോയന്‍റ്’ ചെന്നെത്തുന്നത്. മുന്‍ഗണനാ ക്രമത്തില്‍, അതായത് ബുദ്ധിയിലും ശക്തിയിലും ഇന്ന് ഈ പ്രപഞ്ചത്തില്‍ ഉള്ള എല്ലാത്തിലും മേല്‍ക്കൈ ഉള്ള ഞാനാകുന്ന മനുഷ്യന്‍റെ ‘ചിന്തിക്കുന്ന ഊര്‍ജം’,
dormancy ടൈമില്‍ ഒരു ജീവനുള്ള ചെടിയിലേക്ക് മാറ്റം ചെയ്യപ്പെടുന്നു. തന്മൂലം അവയിലുണ്ടാകുന്ന  അതിജീവന മാറ്റങ്ങള്‍. അതിന് സാധ്യമായേക്കാവുന്ന വഴികള്‍. അതായിരുന്നു അബ്സ്ട്രാക്റ്റ് എന്‍ഡോഴ്സ് ചെയ്തു കിട്ടാനുള്ള കീ. മരത്തിലേക്കോ ചെടിയിലേക്കോ ചേക്കേറുന്ന ചിന്തയുടെ ഊര്‍ജം എപ്പോള്‍ സസ്യത്തില്‍ നിന്ന്‍ തിരികെ മനുഷ്യ ശരീരത്തില്‍ എത്തുന്നുവോ ആ നിമിഷം, അവ വീണ്ടും മരമോ ചെടിയോ മാത്രമായി അവശേഷിക്കുന്ന ഒരു
unproven postulate. ഊര്‍ജം പൂര്‍ണമായും ഒരു സസ്യത്തിലേക്ക് മാറ്റുമ്പോള്‍, സസ്യത്തിന്‍റെ സ്വഭാവഗുണങ്ങള്‍ മാറി അവ മനുഷ്യരെപ്പോലെ ആയിമാറുവാനുള്ള ശ്രമം നടത്തും. ശ്വാസഗതി, വിയര്‍പ്പിന്‍റെ ഗന്ധം അങ്ങനെ പലതും. മനുഷ്യന് മാത്രം മേല്‍ക്കൈയുള്ള ഒരുതരം സമരസപ്പെടല്‍.

സമയം ഒന്നരയോടടുത്തു.

മധുലത നല്ല മയക്കത്തിലാണ്. വയറില്‍ ചെറുതായി അനക്കങ്ങള്‍ ഉണ്ടായിക്കൊണ്ടേ ഇരുന്നു. ശരീരത്തില്‍ എന്തോ വന്ന് പതിക്കുന്നത് പോലെ. ഒരുതരം പൊരുത്തപ്പെടല്‍... അവളുടെ കൈകള്‍ കാറ്റില്‍ പെട്ടെന്നത് പോലെ ഇരുവശത്തും ആഞ്ഞുലഞ്ഞു. കാലുകള്‍ നീണ്ട് കട്ടിലിനടിയിലേക്ക് ഊര്‍ന്ന് ചെന്ന് നിലത്തെ മാര്‍ബിള്‍ പാളികളെ തുരന്നു. വെളുത്ത് മെലിഞ്ഞ കൈകാലുകള്‍ക്ക് പരുപരുപ്പ് വന്നത് പോലെ. ഉള്‍ത്തൊലിയില്‍ അങ്ങിങ്ങായി വൃത്താകൃതിയില്‍ ചില പാടുകള്‍ രൂപപ്പെട്ടു. വായു സഞ്ചാരം അധികമുള്ള മുറിയില്‍ കിടന്ന് അവള്‍ ശ്വാസം മുട്ടി. ഒരു തരം കറുത്ത പുക അവളുടെ പരുപരുത്ത കൈകളുടെ അഗ്രങ്ങളിലെ ചെറിയ പച്ച ഞരമ്പുകളിലൂടെ ശരീരത്തിലാകമാനം ഒഴുകി നടന്നു. ആകെ വരിഞ്ഞുമുറുകിയ അവസ്ഥ. ഒരു പുകച്ചില്‍. ഏതാനും നിമിഷങ്ങള്‍. വയറില്‍ ഒരനക്കം. ആരോ ഞെളിയുന്നത് പോലെ.

സ്വപ്നത്തില്‍ നിന്നെന്നവണ്ണം പണിപ്പെട്ട് അവളൊന്ന് കണ്ണ് തുറക്കാന്‍ ശ്രമിച്ചു. കണ്ണുകള്‍ പൂര്‍ണമായും തുറന്നപ്പോഴാണ് അവള്‍ ശരിക്കും ഞെട്ടിയത്.

കാലുകളുടെ നീളം കുറഞ്ഞ് കട്ടിലിലേക്ക് തിരികെ എത്തിയിരിക്കുന്നു. പച്ച ഞരമ്പുകള്‍ ഉള്‍വലിയുന്നുണ്ട്. തൊലിയിലെ പാടുകള്‍ പതിയെ മായുന്നു. പെട്ടെന്ന് ശരീരഭാരം കുറഞ്ഞ് പൂര്‍വ സ്ഥിതിയിലെത്തി. വിയര്‍പ്പിന് മരത്തടി കരിയുന്ന മണം. അവള്‍ പതിയെ എഴുന്നേറ്റ് ഇച്ചിരി വെള്ളം കുടിച്ചു. 

ഏതാനും നിമിഷങ്ങള്‍. വയറില്‍ പതിയെ തൊട്ടു. ചെറിയ കാല്‍വിരലുകള്‍ അവളുടെ കൈകളെ സ്പര്‍ശിച്ചത് പോലെ.  

ഇതേസമയം, വടക്കന്‍ കേരളത്തിലെ, ഒരു ഗ്രാമപ്രദേശത്തില്‍ ഒരു കശുമാവ് കൂട്ടത്തിലെ മറ്റുള്ളവയില്‍ നിന്ന് വേറിട്ട്‌ കാണപ്പെട്ടു. എവിടെ നിന്നോ കിട്ടിയ മനുഷ്യന്‍റെ ഗന്ധവും, ശ്വസഗതിയും നേരെയാക്കാനുള്ള തത്രപ്പാടില്‍ അത് നന്നായി ആടിയുലഞ്ഞു. കാറ്റ് പോലും വരാന്‍ മടിക്കുന്ന ആ പ്രദേശത്തെ മറ്റ് ചെടികള്‍ ആ മരത്തെ നോക്കി നില്‍ക്കുമ്പോള്‍, ആകാശം ഭേദിച്ച് കൊണ്ട് മഞ്ഞ കലര്‍ന്ന വെള്ള നിറത്തിലെ പൊടി തൂകി, ഒരു ചെറിയ ഹേലികോപ്റ്റര്‍ പറക്കാന്‍ തുടങ്ങുകയായിരുന്നു.


~കണ്ണന്‍ നായര്‍

No comments:

Post a Comment